ആമുഖം

 

കേരളത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഗുരുകുലരീതിയിലും പാഠശാലകളിലും സംസ്കൃതപഠനം നിലനിന്നിരുന്നു. തെക്കന്‍ കേരളത്തില്‍ ശേഷാശാസ്ത്രികളുടെയും, മധ്യകേരളത്തില്‍ തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍ രാജകുടുംബങ്ങളുടെയും, വടക്കന്‍ കേരളത്തില്‍ പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെയും നേതൃത്വത്തില്‍ നടന്ന പാഠശാലകള്‍ ഇവയില്‍ പ്രസിദ്ധങ്ങളായിരുന്നു.

 

കേരളത്തില്‍ ഇപ്പോള്‍ 31 സംസ്കൃതവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ടവയാണ്. ഈ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതഭാഷകള്‍ പഠിക്കുവാനവസരമുണ്ട്. മറ്റു വിഷയങ്ങളുടെ പഠനമാധ്യമമായി മാതൃഭാഷ ഉപയോഗിക്കുന്നതിലൂടെ ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ത്ഥിക്ക് മാതൃഭാഷാപരിചയം ലഭ്യമാകുന്നു.

 

സര്‍ക്കാര്‍ സംസ്കൃതഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് 1967മുതല്‍ കേരളത്തിലെ അക്കാദമിക വിദ്യാലയങ്ങളില്‍ സംസ്കൃതപഠനാവസരം സൃഷ്ടിക്കുകയുണ്ടായി. ഈ വിദ്യാലയങ്ങളില്‍ ഐച്ഛികമായി ഒന്നാം ഭാഷ സംസ്കൃതം പഠിക്കുന്നു. പ്രാദേശികഭാഷകള്‍ ഉപഭാഷയായി പഠിക്കുവാനും അവസരം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ഏകദേശം 3000 വിദ്യാലയങ്ങളില്‍ സംസ്കൃതപഠനം നടക്കുന്നു. ഇവയില്‍ മൂവായിരത്തി ഇരുന്നൂറ്റമ്പതോളം അദ്ധ്യാപകരുമുണ്ട്. ഏകദേശം അരലക്ഷം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കേരളത്തില്‍ സംസ്കൃതം പഠിക്കുന്നു.

 

കേരളത്തിലെ സംസ്കൃതവിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുവാനായി 1971-ല്‍ സംസ്കൃതപണ്ഡിതനായ ശ്രീ കൃഷ്ണവാര്യരെ നിയോഗിക്കുകയുണ്ടായി. അദ്ധേഹം സംസ്കൃതപഠനത്തെ വളര്‍ത്തുവാന്‍ വളരെയധികം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു.

 

സംസ്കൃതവിദ്യാഭ്യാസപഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്കൃതത്തിനായി ഒരു സ്പെഷല്‍ ഓഫീസറെ നിയമിച്ചു. അതോടപ്പം പാഠപുസ്തകനിര്‍മ്മാണം മുതലായ അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനവിദ്യാഭ്യാസ ഗവേഷണപരിശീലനകേന്ദ്രത്തില്‍ ഒരു റിസര്‍ച്ച് ഓഫീസറെയും നിയമിച്ചു.

 

1983-ല്‍ സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സംസ്കൃതവിദ്യാലയങ്ങള്‍ക്കായി സംസ്കൃതോത്സവം ആരംഭിച്ചു. തൃപ്പൂണിത്തുറയിലാണ് ആദ്യകലോത്സവം നടന്നത്. തുടര്‍ന്ന് അക്കാദമികവിദ്യാലയങ്ങളെയും കൂടി ഉള്‍പ്പെടുത്തി സംസ്കൃതോത്സവം പുനഃസംഘടിപ്പിക്കുകയുണ്ടായി. പട്ടാമ്പിയില്‍വച്ച് 1987-ല്‍ ആദ്യമായി എല്ലാ സംസ്കൃതവിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംസ്കൃതോത്സവം നടന്നു. ഇപ്പോള്‍ കേരളാ സ്കൂള്‍ കലോത്സവത്തോടൊപ്പം സംസ്കൃതോത്സവവും നടത്തപ്പെടുന്നു.

 

സംസ്കൃതപഠനത്തിന്റെ പുരോഗതിക്കായി സംസ്കൃതാദ്ധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് 1979-ല്‍ സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ രൂപീകരിച്ചു. ഉപജില്ലാതലം, വിദ്യാഭ്യാസജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ ഈ കൗണ്‍സില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി പഠനക്ലാസ്സുകളൊരുക്കുക, സംസ്കൃതദിനാചരണം , സംസ്കൃതസ്കോളര്‍ഷിപ്പ് പരീക്ഷാ പ്രവര്‍ത്തനങ്ങള്‍, സംസ്കൃതപ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

 

 

 

joomla template